Sunday, September 5, 2010

ഞാന്‍ വിളിക്കും - അടുത്ത് തന്നെ ഡയല്‍ ടോണ്‍ അടിക്കയും ചെയ്യും

I
അച്ചായന്‍ ബോബിച്ചനോട് പറയുന്നത്:

എന്തേ ബോബിച്ചാ നീ എന്നോട് മിണ്ടാത്തു ?
എന്തേ ബോബിച്ചാ നീ എന്നെ മൊബൈലില്‍ വിളിക്കാത്തു ?
നിനക്കായ് ഞാന്‍ സെറ്റ് ചെയ്ത ഡയല്‍ ടോണ്‍ വര്‍ക്ക്‌ ചെയ്യുന്നുണ്ടോന്നു
അറിയാനെങ്കിലും വിളിക്ക് വല്ലപ്പോഴും.

കാത്തിരുന്ന റോസാ പൂത്തു വീടിനു ഭംഗിയായി:
പൂച്ചകള്‍ ഉയരത്തില്‍ ചാടിയും തുടങ്ങി:
മുന്നില്‍ നീ നട്ട പിച്ചക തയ്യിലെ ആദ്യത്തെ മൊട്ടും കാക്ക തിന്നു.

കിളികള്‍ നിന്നെ മറന്ന പോലെയായി:
കിളിക്കൂട്ടിലാകെ തിരക്കുമായ്.
നക്ഷത്രങ്ങള്‍ ചാലിച്ച നിന്റെ ചുവരുകള്‍ക്കുള്ളില്‍
വിയര്‍പ്പില്‍  നിന്നെക്കുറിച്ചോര്‍ക്കാറു ഞാന്‍ ഏകനായ്:

ഏകനായ്.

II
ബോബ്ബിച്ചന്‍ അച്ചായനോട് ഓര്‍ത്തത്‌:

എന്‍റെ അറിയേര്‍സിന്റെ കത്ത് കുത്തുകള്‍ മുടക്കരുത്.
റോസാ ചെരിഞ്ഞിരിക്കുന്നത്‌ എനിക്കിവിടെ നിന്നും കാണാം.
കിളികള്‍ക്ക് വലിയ കൂടുണ്ടാക്കും എന്നത് കളവാണെന്ന് ഉറപ്പുമാണ്.
കമ്പ്യൂട്ടര്‍ കടായിട്ടും ഉണ്ടാവും.

ഇനി ഞാന്‍ വരുമ്പോള്‍ കൂട്ടുകാരന്റെ
മകളുടെ ഫോട്ടോ വച്ച് കല്യാണം ആലോചിക്കരുത്:
വേണമെങ്കില്‍ നമുക്ക് പുതുപ്പള്ളി വരെ നടന്നേക്കാം.

അകലം അകലമാണ് അച്ചായാ:
വിളിക്കാന്‍ കൊതിക്കാറുണ്ട്:
പക്ഷെ കുറ്റബോധം കൊണ്ടുള്ള തലകുനിക്കല്‍,
ഞാന്‍ മടിക്കാറാണ് പതിവും:

ഞാന്‍ വിളിക്കും - അടുത്ത് തന്നെ ഡയല്‍ ടോണ്‍ അടിക്കയും ചെയ്യും.

No comments: